SEARCH


Thekkan Kariyathan Theyyam - തെക്കൻ കരിയാത്താൻ തെയ്യം

Thekkan Kariyathan Theyyam - തെക്കൻ കരിയാത്താൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Thekkan Kariyathan Theyyam - തെക്കൻ കരിയാത്താൻ തെയ്യം

പാലാര്‍ വീട്ടില്‍ പടനായരും പാലക്കുന്നത്ത് കേളചന്ദ്ര നായരും മല പൊലിച്ച് നായാടാനും കറ്റല്‍ പൊലിച്ച് മീന്‍ പിടിക്കാനും പുറപ്പെട്ടുവത്രേ. നായാട്ടില്‍ ഒന്നും തടയാത്തതിനെ തുടർന്നു ക്ഷീണിച്ചവശരായ ഇവര്‍ വെള്ളം കുടിക്കാനായി കരിങ്കുലക്കണ്ടത്തക്കമ്മയുടെ വീട്ടിലെത്തുകയും അവര്‍ അവരെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കുളിക്കാനായി കരിഞ്ചിലാടന്‍ ചിറയിലെത്തിയ അവര്‍ ചിറയില്‍ അത്ഭുത രൂപത്തിലുള്ള മീനുകളെ കാണുകയും എന്നാല്‍ അവ അവര്‍ക്ക് പിടിക്കൊടുക്കാതെ നീങ്ങുകയും ചെയ്തു. വീട്ടിലെത്തിയപ്പോള്‍ വീട്ടിലെ കിണറിലും ഇവയെ തന്നെ കണ്ടെത്തിയതിനെ തുടർന്ന് കദളിപ്പഴം വെള്ളിപ്പാളയിലിട്ടു കിണറിലേക്ക് താഴ്ത്തിയപ്പോള്‍ അവ തങ്ങളുടെ രൂപം ചെറുതാക്കി പാളയില്‍ കയറുകയും ഇവയെ കറിവെക്കാനായി മുറിക്കാന്‍ തുടങ്ങുമ്പോഴേക്കും അവയുടെ തനി രൂപം അവ കാണിച്ചു കൊടുക്കുകയും ചെയ്തതിനെ തുടർന്ന് അറിയാതെ ചെയ്ത തെറ്റിന് മാപ്പിരക്കുകയും പ്രായശ്ചിത്തം ചെയ്യുവാനും തീരുമാനിച്ചു. അത് പ്രകാരം അന്ന് തൊട്ടു ഏഴാം ദിവസം മതിലകത്തെ കരിങ്കല്‍ പടിക്കിരുപുറവും രണ്ടു പൊന്മക്കള്‍ പിറന്നുവെങ്കില്‍ അവരെ വളര്‍ത്തി പയറ്റ് വിദ്യ പഠിപ്പിക്കുമെന്നും അവരോളം വണ്ണത്തില്‍ പൊന്‍ രൂപമുണ്ടാക്കി കുഞ്ഞിമംഗലത്ത് കൊട്ടയില്‍ കൊണ്ടോപ്പിക്കാമെന്നും പറഞ്ഞു. അത് പ്രകാരം ഏഴാം നാള്‍ കരിങ്കല്‍ പടിക്കിരുപുറവും പൊടിച്ചുണ്ടായ പൊന്മക്കളാണ് തെക്കന്‍ കോമപ്പനും തെക്കന്‍ ചാത്തുവും. യഥാകാലം ഇവര്‍ വിദ്യകളെല്ലാം പഠിച്ചു ചുരിക കെട്ടി ചേകോനാകേണ്ട പ്രായമായപ്പോള്‍ പാണ്ടി പെരുമാളില്‍ നിന്നും ചുരിക വാങ്ങി ആചാരപ്പെട്ടപ്പോള്‍ തെക്കന്‍ ചാത്തു ‘തെക്കന്‍ കരിയാത്തന്‍’ എന്നും തെക്കന്‍ കോമപ്പന്‍ ‘തെക്കന്‍ കരുമകനെന്നും’ ആചാരപ്പേര്‍ ലഭിച്ചു. ഇവര്‍ പിന്നീട് വലിയൊരു പനമുറിച്ചു വില്ലുകള്‍ ഉണ്ടാക്കുകയും ഇവരുടെ ജീവിതത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കുകയും ചെയ്തു. മദ്യം കൊടുക്കാതിരുന്ന ചന്തന്‍ തണ്ടാനും തിരുനെല്ലൂര്‍ തണ്ടാത്തിക്കും ഭ്രാന്ത് നല്‍കിയ ഇവര്‍ പിന്നീട് അവരെ സൽക്കരിച്ചപ്പോൾ മാത്രമേ ഭ്രാന്ത് മാറ്റിയുള്ളൂ. വഴിയില്‍ വെച്ച് അവരെ പരിഹസിച്ച ഒരു കുട്ടിയുടെ കൈ മുറിച്ചു കളയാനും കരിയാത്തന് മടിയുണ്ടായില്ല. കുട്ടി കരഞ്ഞു മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ്‌ കൈ തിരികെ ലഭിച്ചത്. കുട്ടി പിന്നീട് ഇവരുടെ സേവകനായി മാറി. കരിയാത്തന്‍ തെയ്യത്തോടോപ്പം കെട്ടിയാടിക്കുന്ന “കൈക്കോളന്‍ തെയ്യം” ആ കൈ പോയ കുട്ടിയുടെ സങ്കല്‍പ്പത്തില്‍ ഉള്ളതാണ്. വളരെ ലളിതമായ വേഷമാണ് ഈ തെയ്യത്തിന്റെത്. ശരീരത്തില്‍ വെള്ള കളറും മുഖത്ത് മഞ്ഞകളറുമാണ് ചമയം. കൊഴുപറ്റം എന്ന ചെറിയ ഒരു തലമുടിയും ഈ തെയ്യത്തിനുണ്ട്. കണ്ണൂര്‍ ജില്ലയിലെ ബ്ലാത്തൂര്‍ താഴെപ്പള്ളിയത്ത് കോട്ടത്തും, കോഴിക്കോട് ജില്ലയിലെ തിക്കൊടി പഞ്ചായത്തിലെ പുറക്കാട് ഗ്രാമത്തിലെ അരിമ്പൂര്‍ ശ്രീ കരിയാത്തന്‍ ക്ഷേത്രത്തിലും ഇവരാണ് പ്രധാന ഉപാസന മൂര്‍ത്തികള്‍.

നാവു തീയര്‍ എന്നും വളഞ്ചിയര്‍ എന്നും അറിയപ്പെടുന്ന നാതിയന്‍, നാദ്യന്‍, വിളക്കിത്തല നായര്‍ എന്നിങ്ങനെ ദേശഭേദമനുസരിച്ച് അറിയപ്പെടുന്നവരുടെ കുലത്തൊഴില്‍ സവര്‍ണ്ണര്‍ക്കുള്ള ക്ഷൌര വൃത്തിയാണ്. ഇവരുടെ കുല ദൈവങ്ങളില്‍ ഒന്നാണ് തെക്കന്‍ കരിയാത്തന്‍. കണ്ണപുരം, കണ്ടക്കൈ, കുണ്ടയം കൊവ്വല്‍, പരിയാരം എന്നിവിടങ്ങളില്‍ ഇവര്‍ക്ക് തെയ്യക്കാവുകളുണ്ട്. തെയ്യം ഇവരെ ‘അറുവര്‍ കാരണോന്മാരേ’ എന്നാണു വിളിക്കുക. എന്നാല്‍ അവര്‍ണ്ണരായ തീയര്‍ക്ക് പൌരോഹിത്യവും ക്ഷൌരവൃത്തിയും ചെയ്യുന്ന കാവുതീയരും സവര്‍ണ്ണര്‍ക്ക് മാത്രം ഇത് ചെയ്തു കൊടുക്കുന്ന നാവു തീയരും ഒരേ സമുദായമല്ല. ‘ക്ടാരന്മാരുടെ’ കൂടി കുല ദൈവമാണ് തെക്കന്‍ കരിയാത്തന്‍.

വേറൊരു ഐതീഹം
ചേണിച്ചേരി തറവാട്ടിലെ മുൻ കാരണവന്മാരിൽ ചിലർ വളരെ വർഷങ്ങൾക്ക് മുൻപ് അമ്പലപ്പുഴയിൽയുദ്ധ ത്തിനു പോയപ്പോൾ അവിടെ വെച്ച് തെക്കൻ കരിയാത്തൻ അവരെ പലവിധത്തലും സഹായിച്ചു പോലും, പിന്നെ അവർ തിരിച്ചു വന്നപ്പോൾ കൂടെ കൊണ്ട് വന്നു പ്രതിഷ്‌ഠ നടത്തി. തെക്കൻ കരിയാത്തൻ തെയ്യം കെട്ടിയാടുന്ന പ്രധാന കാവുകളിൽ കണ്ണൂർ, അരോളി ശ്രീ മേൽച്ചിറ കോട്ടം

വിശ്വാസപരമായ ഐതീഹ്യ പ്രകാരം തെക്കൻ കരിയാത്തൻ ശിവ ചൈതന്യവും തെക്കൻ കരുമകൻ വിഷ്ണു ചൈതന്യവും ആണ്. കരിയാത്തന്‍ എന്നാല്‍ പരമശിവനാണ്. കരിയാത്തന്‍ തെക്കന്‍ ചാത്തു എന്ന പേരിലും അറിയപ്പെടുന്നുണ്ട്. എങ്കിലും തെക്കന്‍ കരിയാത്തന്‍ എന്ന പേരിലാണ് പ്രസിദ്ധം. ഈ തെയ്യത്തിൻ്റെ കൂടെ കൈക്കോളൻ എന്ന തെയ്യവും കൂടി കെട്ടിയാടിക്കാറുണ്ട്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848